Thursday, May 1, 2008

ജീവിതത്തേര്


ജീവിതത്തേര്
---------------

ഭാഗം 1
-------

മുന്‍പ്‌, അനേകം ജന്മങ്ങളെടുത്തു കഴിഞ്ഞ ശേഷം, ഏറ്റവും ശ്രേഷ്ഠതരമെന്നു കരുതുന്ന മനുഷ്യ ജന്മം എടുത്തപ്പോള്‍ എന്റെ ദേഹി പ്രവേശിക്കുകയുണ്ടായത്‌, ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കെയറ്റത്തു സ്ഥിതിചെയ്യുന്ന, കേരളം എന്ന പ്രദേശത്ത്‌, സമൂഹം ഒരു പ്രബല സമുദായമെന്നു വിശേഷിപ്പിക്കാത്ത ഒരു കുലത്തില്‍ പിറന്ന, കറുത്ത തൊലിയുള്ള ഒരു സ്ത്രീയുടെ ഉദരത്തില്‍ പിറന്ന ഭ്രൂണത്തിലായിരുന്നു. അതൊരു പെണ്‍ ഭ്രൂണമായിരുന്നു. ആയതിനാല്‍ ഞാനൊരു പെണ്‍കുട്ടിയായി ഈ ഭൂമുഖത്തു പിറന്നു വീണു. തൊലിയുടെ നിറം അമ്മയുടെ അത്രയും കറുത്തതല്ലായിരുന്നു, അച്ഛനു ഇത്തിരി തൊലി വെളുപ്പുണ്ടായിരുന്നതിനാല്‍.ഓര്‍മ്മയായ കാലത്ത്‌ ഞാന്‍ അമ്മയുടെയും, അനിയത്തിയുടെയും അമ്മൂമ്മയുടെയും ഒപ്പം എന്റെ അമ്മയുടെ വീട്ടില്‍ കഴിയുകയാണ്‌.അമ്മയുടെ രണ്ടനിയന്മാരും കൂടെയുണ്ട്‌. അതില്‍ ഒരാള്‍ വിവാഹിതന്‍ ഒരു കുട്ടിയും ഉണ്ട്‌. മറ്റേയാള്‍ അവിവാഹിതന്‍.അപ്പൂപ്പന്മാര്‍ രണ്ട്‌. ഒന്ന്‌ അമ്മയുടെ അച്ഛന്‍ മറ്റേത്‌ അമ്മയുടെ അമ്മാവന്‍. അമ്മയുടെ അച്ഛന്‌ നല്ല കറുപ്പു നിറം അതിനാല്‍ ഞങ്ങളദ്ദേഹത്തെ കറുത്ത അപ്പൂപ്പന്‍ എന്നു വിളിച്ചുവന്നു. അമ്മയുടെ അമ്മാവന്‍(അമ്മൂമ്മയുടെ മൂത്ത സഹോദരന്‍) നല്ല വെളുത്തിട്ട്‌, അതിനാല്‍ അദ്ദേഹത്തെ വെളുത്ത അപ്പൂപ്പന്‍ എന്നും വിളിച്ചു. നേരിട്ടു അപ്പൂപ്പാ എന്നുമാത്രമേ ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നുവെങ്കിലും, താന്താങ്ങളുടെ വിശേഷണങ്ങള്‍ രണ്ടപ്പൂപ്പന്മാര്‍ക്കും അറിയാമായിരുന്നു. അതില്‍ വെളുത്ത അപ്പൂപ്പന്‍ സന്തോഷിച്ചിരുന്നു. കറുത്ത അപ്പൂപ്പന്‌ എന്തു തോന്നിയിരുന്നു എന്നറിയില്ല. ഈ അപ്പൂപ്പന്റെ അനിയന്റെ മകളുടെ മകന്‍, നേരിട്ടു തന്നെ കറുത്ത അപ്പൂപ്പാ എന്നു സംബോധന ചെയ്യുന്നത്‌ കേട്ടിട്ടുണ്ട്‌. അന്നേരം അദ്ദേഹം നീരസം ഒന്നും പ്രകടിപ്പിച്ചതായി ഓര്‍മ്മയില്ല. അളിയന്മാരായ ഈ രണ്ടപ്പൂപ്പന്മാര്‍ തമ്മില്‍ ചെറിയൊരു ശത്രുത വച്ചുപുലര്‍ത്തിയിരുന്നു. എങ്കിലും, വെളുത്ത അപ്പൂപ്പന്‍ വീമ്പിളക്കാറുണ്ടായിരുന്നത്‌, അമ്മൂമ്മയെ നല്ലൊരു കുടുംബത്തിലേയ്ക്കു കെട്ടിച്ചുകൊടുക്കാന്‍ അദ്ദേഹമാണ്‌ മുന്‍ കൈ എടുത്തിരുന്നത്‌ എന്നാണ്‌. അതായത്‌, ശത്രുതയിലും, കറുത്ത അപ്പൂപ്പന്റെ കുടുംബം കേമമാണെന്നു സമ്മതിച്ചു തരികയായിരുന്നു.

എന്റെ അച്ഛന്‍ എന്നൊരാളെ ഞാനവിടെ കണ്ടില്ല. അതില്‍ യാതൊരു അസ്വാഭാവികതയും അന്നെനിക്കു തോന്നിയിരുന്നുമില്ല.

കറുത്ത അപ്പൂപ്പനെ ഞങ്ങള്‍ കുട്ടികള്‍ക്കു പേടിയായിരുന്നു. അപ്പൂപ്പന്‍ ഞങ്ങളുടെ കൂടെയല്ല താമസം. അദ്ദേഹത്തിന്റെ സഹോദരി തൊട്ടടുത്തുതന്നെ താമസിച്ചിരുന്നു. അവിടെയായിരുന്നു കറുത്ത അപ്പൂപ്പന്റെ ഉറക്കം. പക്ഷേ മിയ്ക്കപ്പോഴും ഭക്ഷണസമയത്ത്‌ വീട്ടില്‍ കാണും. ആ അപ്പൂപ്പന്‍ വളരെ വൃത്തിക്കാരനും കണിശമായ ദിനചര്യകള്‍ പുലര്‍ത്തുന്നവനുമായിരുന്നു. എപ്പോഴും നല്ല തൂവെള്ള വസ്ത്രങ്ങളണിഞ്ഞേ അദ്ദേഹത്തിനെ കാണാന്‍ പറ്റൂ. പരുത്തിതുണികൊണ്ടുള്ള മുണ്ടും, ഷര്‍ട്ടും, മേല്‍മുണ്ടുമായിരുന്നു, വേഷം . മിയ്ക്കപ്പോഴും കക്ഷത്തൊരു കാലന്‍ കുടയും കാണും. അഗാധപാണ്ഡിത്യമുള്ളയാളും, സ്ഥലത്തെ പ്രൈവറ്റ്‌ സ്കൂള്‍ ഹെഡ്‌ മാസ്റ്ററും പത്രപ്രവര്‍ത്തകനുമൊക്കെ ആയിരുന്നുവത്രെ.രാവിലെ ഒരു എട്ടു മണിയോടെ അദ്ദേഹം മേലേവീട്ടില്‍(സഹോദരീഭവനം) നിന്ന്‌ ശുഭ്രവസ്ത്രധാരിയായി, ഞങ്ങളുടെ വീട്ടിലേയ്ക്കു പറമ്പിലൂടെ നടന്നു വരുന്നത്‌ ഞങ്ങള്‍ കുട്ടികള്‍ അല്‍പം ഭയത്തോടെ നോക്കി നില്‍കും. അപ്പൂപ്പന്‍ വരുന്നു എന്ന്‌ വീട്ടുകാര്‍ക്കു മുന്നറിയിപ്പു കൊടുക്കും. വന്നതു കുളികഴിഞ്ഞിട്ടാണെങ്കില്‍, നേരെ പത്രം വായിക്കാനിരിക്കും. അല്ല, കുളികഴിഞ്ഞിട്ടില്ലെങ്കില്‍, ഉടുത്തിരിക്കുന്ന വെള്ളവസ്ത്രം മാറ്റി, ഒരു കുറിമുണ്ടുടുത്ത്‌ ഒരു കുറ്റിച്ചൂലുമായി വീടിന്റെ മുറ്റത്തിനപ്പുറവുമുള്ള പറമ്പ്‌ തൂത്തുവൃത്തിയാക്കാന്‍ തുടങ്ങും. വീടിന്റെ മുറ്റം അതിനകം തന്നെ അടിച്ചുവാരി കഴിഞ്ഞിരിക്കും. അതുചെയ്തിട്ടില്ലെങ്കില്‍, അപ്പൂപ്പന്റെ വായിലിരിക്കുന്നത്‌ കിട്ടുമെന്നത്‌ തീര്‍ച്ച. അമ്മയും അമ്മൂമ്മയും അപ്പൂപ്പനോട്‌ സംസാരിക്കില്ല. വല്ലതും പറയാനുണ്ടെങ്കില്‍ ഞങ്ങള്‍ കുട്ടികളെ മീഡിയേറ്റര്‍ ആക്കും.അപ്പൂപ്പന്‍ ചൂലുമായി പോകുമ്പോള്‍ അമ്മയുടേയോ അമ്മൂമ്മയുടേയോ വായില്‍ നിന്ന്‌ ഇങ്ങിനെ വീഴും ഓ വിളവാരം തൂക്കാന്‍ തുടങ്ങി.തൂപ്പ്‌ കഴിഞ്ഞ്‌ കരിയിലകളെല്ലാം കൂട്ടിയിട്ട്‌ തീ കൊടുക്കും. തൂക്കുന്നതിനിടയില്‍ വീട്ടിലെ വാല്യക്കാരാരെങ്കിലും നടന്നു പോകുന്നതുകണ്ടാല്‍ ചിലപ്പോള്‍ വൃത്തിയില്ലായ്മയെക്കുറിച്ച്‌ രണ്ടു ശകാരം കൊടുക്കും. അവസാനം ആത്മഗതം പോലെ ഉരുവിടും ‘ശവങ്ങളേ ശവങ്ങള്‌ മണ്ടു ഗണേശുകള്‌ ......’
പിന്നെ വിസ്തരിച്ചൊരു കുളിയാണ്‌. മുറ്റത്തെ കിണറ്റില്‍ നിന്ന്‌ താനെ വെള്ളം കോരി, ചിലപ്പോള്‍ ചൂടാക്കിയും ചിലപ്പോള്‍ തണുത്തവെള്ളത്തിലും കുളിക്കും. കുളിക്കുന്നതിനുമുന്‍പ്‌, വസ്ത്രങ്ങളൊക്കെ കഴുകിയിടുന്ന പതിവുമുണ്ട്‌. കിഴക്കു വശത്താണു കിണര്‍. അപ്പൂപ്പന്‍ കിണറ്റില്‍ നിന്നു വെള്ളം ഒരു ചരുവത്തില്‍ കോരിവച്ച്‌ കുറച്ചകലെ മാറ്റിവച്ചാണു കുളിക്കുക. അപ്പൂപ്പന്‍ കുളിക്കാന്‍ തുടങ്ങുന്നു എന്നു മനസ്സിലാകുമ്പോള്‍ അമ്മൂമ്മയോ അമ്മയോ ഞങ്ങളെ കിഴക്കുവശത്തെ വരാന്തയില്‍ വരാന്‍ അനുവദിക്കില്ല.കാരണം എന്തെന്നല്ലേ? അപ്പൂപ്പന്‍ കുളിക്കുമ്പ്പോള്‍ ഒരു കുറിയ തോര്‍ത്തുപോലും ധരിക്കില്ല. പകരം ഒരു കൗപീനം മാത്രം ധരിച്ച്‌ ഞങ്ങള്‍ക്കു പുറം തിരിഞ്ഞുനിന്നാണു കുളിക്കുക.ഞങ്ങള്‍ കുട്ടികള്‍ ഇതു ഒളിഞ്ഞുനോക്കി, വായ്‌ പൊത്തിചിരിക്കും. അമ്മകണ്ടാല്‍ തല്ലിക്കൊല്ലും.കുളികഴിഞ്ഞ്‌ തൂവെള്ള വസ്ത്രമൊക്കെ ധരിച്ച്‌ പ്രാതല്‍ കഴിക്കും. അതു കഴിഞ്ഞു ഒരു പോക്കാണ്‌. ചിലപ്പോള്‍ ഉച്ചയ്ക്കു വന്നാലായി. രാത്രിഭക്ഷണം എന്നും സഹോദരിയുടെവീട്ടില്‍ നിന്നു തന്നെ. അവിടെത്തന്നെ ഉറക്കവും. സഹോദരി ഒറ്റയ്ക്കാണു താമസം. മക്കളൊക്കെ ദൂരെ.

*********************

6 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജീവിതയാത്രയുടെ തേരുതെളിക്കാന്‍ നമ്മുടെ സ്വപ്നങ്ങള്‍ക്ക് കഴിയുമായിരുന്നെങ്കില്‍,

Unknown said...

swagatham, .......... :)

Sa said...

താരകമേ എഴുത്ത്‌ സുന്ദരമായിരിക്കുന്നല്ലോ...

എന്നിട്ടോ...?
അത്‌ മുഴുവനാക്കി പോകാമായിരുന്നില്ലേ?

താരകം said...

സജീ ആദ്യകമന്റിന് നന്ദി. ചില സ്വപ്നങ്ങള്‍ക്കെങ്കിലും കഴിയണം.
മുരളിക, നന്ദി.
ദേവ, ഇതൊരു നോവല്‍ ആയി എഴുതാനാണ് ഉദ്ദേശ്യം. ആദ്യഭാഗം ആണിത്.

ബഷീർ said...

കമന്റ്‌ വഴിയാണു ഇവിടെ എത്തിയത്‌.

ഏച്ചുകെട്ടലുകളും അതിഭാവുകത്വവും (അതെന്താണെന്ന് ചോദിയ്ക്കരുത്‌.. എനിക്കറിയില്ല ) ഇല്ലാതെയുള്ള എഴുത്ത്‌.
പിന്നെ കുറെ ജന്മങ്ങള്‍ പിന്നിട്ട്‌ മനുഷ്യ ജന്മത്തില്‍ എത്തിയെന്നത്‌ വെറും സങ്കല്‍പം മാത്രം..
തൊലി കറുത്താലും മനസ്സ്‌ കറുക്കാതിരുന്നാല്‍ മതി..

കറുപ്പിനു ഏഴഴക്‌ എന്നല്ലേ...!!

അപ്പൂപ്പന്‍ ആളൊരു ജഗ ജില്ലി ആയിരുന്നു വല്ലേ...

ബാക്കി പോരട്ടെ..

വല്യമ്മായി said...

സ്വാഗതം