Wednesday, May 7, 2008

ജീവിതത്തേര്

ഭാഗം 2
വെളുത്ത അപ്പൂപ്പന്‍‌

‍ വെളുത്ത അപ്പൂപ്പന്‍ അമ്മയുടെ അമ്മാവനാണെന്ന്‌ നേരത്തെ പറഞ്ഞല്ലോ.ഈ അപ്പൂപ്പന്‌ സ്വന്തമായൊരു കുടുംബമില്ലായിരുന്നു. എന്നു വച്ചാല്‍ സമൂഹം അംഗീകരിക്കുന്ന രീതിയില്‍ വിവാഹം ചെയ്യുകയോ കുടുംബം കെട്ടിപ്പടുക്കുകയോ ചെയ്തില്ല അപ്പൂപ്പന്‍. എന്നാല്‍ ഇപ്പറഞ്ഞതുകൊണ്ട്‌ അദ്ദേഹത്തിന്‌ ഭാര്യയും മക്കളുമൊന്നുമില്ലായിരുന്നെന്ന്‌ ധരിക്കണ്ട. ഭാര്യയല്ല, ഭാര്യമാര്‍ രണ്ടുണ്ടായിരുന്നു അദ്ദേഹത്തിന്‌. രണ്ടുപേരും സ്വസമുദായത്തില്‍ പെട്ടവരല്ലായിരുന്നു. ഇവരില്‍ ഇദ്ദേഹത്തിന്‌ സന്താനങ്ങളുമുണ്ടായിരുന്നു. അപ്പൂപ്പന്റെ മക്കളെ ഞങ്ങള്‍ കണ്ടിട്ടില്ല, അമ്മ പറഞ്ഞു കേട്ടുള്ള അറിവേയുള്ളൂ. അങ്ങനെ, സ്വന്തം കുടുംബമില്ലാത്തതിനാല്‍ വെളുത്ത അപ്പൂപ്പന്‍ ഒരു ഇത്തിള്‍കണ്ണിയായി, സഹോദരിയായ, എന്റെ അമ്മൂമ്മയുടെയും മക്കളുടേയും ഒപ്പം കഴിയുന്നു. അമ്മൂമ്മയ്ക്ക്‌ കണ്ണെടുത്താല്‍ കണ്ടുകൂടാ, പത്തോളം വയസ്സിനു പ്രായക്കൂടുതലുള്ള ഈ സഹോദരനെ. അതിനു തക്കതായ കാരണവുമുണ്ടെന്ന്‌ അമ്മൂമ്മ.

ഒരു ധനാഢ്യ കുടുംബത്തിലായിരുന്നു, അമ്മൂമ്മ പിറന്നു വീണത്‌. അമ്മൂമ്മയുടെ അച്ഛന്‍ വലിയ ബിസിനസ്സുകാരനായിരുന്നത്രേ. പാക്കു കച്ചവടമായിരുന്നു പ്രധാനം. അന്നു വീട്ടില്‍ സ്വന്തമായി കുതിരവണ്ടിയും കാളവണ്ടിയും ഉണ്ടായിരുന്നു. ഇന്ന്‌ വീട്ടില്‍ ബെന്‍സ്‌ കാറുള്ളവരുടെ സ്റ്റാറ്റസ്‌ ആണ്‌ അന്നു കുതിര വണ്ടിയും കാളവണ്ടിയും സ്വന്തമായി ഉള്ളവര്‍ക്ക്‌ സമൂഹം കല്‍പ്പിച്ചു നല്‍കിയിരുന്നത്‌. അപ്പൂപ്പന്‍ കുടുംബത്തിലെ മൂത്ത സന്തതി. കാണാന്‍ നല്ല വെളുത്ത്‌ സുന്ദരന്‍. ഇളയവരായി അമ്മൂമ്മയും അതിനും താഴെ മറ്റൊരാണ്‍തരിയും(അമ്മയുടെ കൊച്ചുമാമന്‍). ഇളയ രണ്ടു സന്തതികളുടേയും തൊലി കറുത്തിട്ട്‌, ഈ അപ്പൂപ്പന്‍ മാത്രം നന്നേ വെളുത്തിട്ട്‌. ഇളം പ്രായത്തില്‍ തന്നെ അപ്പൂപ്പന്‌ തന്റെ സൗന്ദര്യത്തില്‍ വലിയ മതിപ്പായിരുന്നു.അതു സമൂഹവും അംഗീകരിച്ചുകൊടുത്തിരുന്നു. അപ്പൂപ്പന്‍ 10 വര്‍ഷം ഒറ്റ മകനായി കഴിഞ്ഞു. പിന്നെയാണ്‌ ഇളയതുങ്ങള്‍ വരുന്നത്‌.സുഖഭോഗങ്ങളിലമര്‍ന്ന്‌ ജീവിതം ഒരു ഉദ്യാനമാക്കി ജീവിച്ചിരുന്ന സമ്പന്നപുത്രന്‍. പെണ്‍കുട്ടികള്‍ ഒരു വീക്നെസ്സ്‌ ആയിരുന്നു അദ്ദേഹത്തിന്‌. പഠനം ദൂരെ പട്ടണത്തിലുള്ള സ്ക്കൂളിലായിരുന്നു. ദിവസവും കുതിര വണ്ടിയിലായിരുന്നുവത്രേ പോക്ക്‌. പക്ഷേ സ്കൂളിലേക്കുള്ള ആ പോക്ക്‌ പഠന പ്രക്രിയ നന്നായി നടത്തി ഒരു ഉപജീവനമാര്‍ഗം സ്വന്തമായി കണ്ടുപിടിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി ആയിരുന്നില്ല എന്നു മാത്രം.

ഹൈസ്ക്കൂള്‍ പഠനത്തിന്റെ അവസാനം മെട്രിക്കുലേഷന്‍ പരീക്ഷയെത്തി (ഇന്നത്തെ എസ്‌.എസ്‌.എല്‍.സി.). ആദ്യ ദിവസം, രാവിലെ തന്നെ കാപ്പിയും പലഹാരവുമൊക്കെ ഊട്ടിച്ചു, അപ്പൂപ്പന്റെ അമ്മ. പരീക്ഷയ്ക്കു കൊണ്ടുപോകാനായി, കുതിരവണ്ടി തയ്യാറായി നില്‍ക്കുന്നു. കുറേനേരമായിട്ടും വണ്ടി പുറപ്പെടുന്ന ശബ്ദംകേള്‍ക്കാഞ്ഞതിനാല്‍ അപ്പൂപ്പന്റെ അച്ഛന്‍ കുതിരക്കാരനോട്‌ തട്ടിക്കയറുന്നു. കുതിരക്കാരന്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. യാത്രക്കാരനെത്താതെ വണ്ടിയെങ്ങനെ പുറപ്പെടും? അപ്പൂപ്പന്റെ അച്ഛന്‍ അമ്പരന്നു. അദ്ദേഹം മകനെ പേരു ചൊല്ലി നീട്ടിവിളിച്ചു. എവിടേ? ആരും വിളികേട്ടില്ല. കുടുംബത്തിലെ ആര്‍ക്കും മൂത്തസന്തതി എവിടെപ്പോയെന്നറിയില്ല. ആകെ വെപ്രാളവും അങ്കലാപ്പുമായി. കുട്ടിയെ തിരഞ്ഞ്‌ പലരും പല വഴിക്കോടി. അപ്പൂപ്പന്റെ അച്ഛനു തന്റെ മകന്റെ പഠനത്തിലുള്ള വൈമുഖ്യത്തെക്കുറിച്ച്‌ നന്നായറിയാമായിരുന്നു. അതുകൊണ്ടു തന്നെ, മകന്‍ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനൊരു പഴുതു കണ്ടു പിടിച്ചതാണോയെന്നു ഒരു സംശയമില്ലാതിരുന്നില്ല. പക്ഷേ അതു നാലാളു കേള്‍ക്കെ പറയാന്‍ പറ്റുമോ. അവസാനം അദ്ദേഹം തട്ടിന്മുകളിലേക്കുള്ള കോണി കയറുന്നത്‌ അപ്പൂപ്പന്റെ അമ്മ കണ്ടു. അപ്പോഴാണ്‌ അവര്‍ക്കും സംഗതികള്‍ ഊഹിച്ചെടുക്കാന്‍ കഴിഞ്ഞത്‌. മെട്രിക്കുലേഷന്‍ പരീക്ഷയുടെ അന്ന്‌, തട്ടിന്‍പുറത്തു കയറി ഒളിച്ചിരുന്ന അപ്പൂപ്പന്‌ അടി എത്രയാണ്‌ കിട്ടിയതെന്ന്‌ ഒരൂഹവുമില്ല. ഓമനപുത്രനാണെങ്കിലും, കുടുംബത്തിനു തന്നെ അപമാനം ഉണ്ടാക്കിവച്ച മകനോടു ക്ഷമിക്കാന്‍ ആ പിതാവിനാകുമായിരുന്നില്ല. അപ്പൂപ്പന്റെ ഫോര്‍മലായിട്ടുള്ള വിദ്യാഭ്യാസം അതോടെ അവസാനിച്ചു. ഇളയവരായ, അനിയത്തിയും, അനിയനും ഈ വക കുസൃതികളൊന്നും ചെയ്തുകൂട്ടാതെ, നന്നായി വിദ്യാഭ്യാസം ചെയ്തു, പില്‍ക്കാലത്ത്‌ ഇരുവരും അദ്ധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.


കറുത്ത അപ്പൂപ്പനില്‍ നിന്നു കടക വിരുദ്ധമായ രീതികളുള്ള ഒരു വ്യക്തിയായിരുന്നു വെളുത്ത അപ്പൂപ്പന്‍. ഓര്‍മ്മയായ കാലത്തു ഞാനദ്ദേഹത്തെ കാണുമ്പോള്‍ മുഷിഞ്ഞുനാറി മഞ്ഞിച്ച ഒരു മുണ്ടുടുത്ത്‌ വായിലെ മഞ്ഞിച്ചു നീണ്ട രണ്ടുമൂന്നു പല്ലുകള്‍ കാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന ഒരു രൂപമായിരുന്നു അദ്ദേഹത്തിന്‌. ദിവസേന പല്ലു തേക്കില്ല. കുളി ഒന്നര രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രം. വെളുത്ത അപ്പൂപ്പന്റെ കുളി ഒരു മഹാസംഭവമായിരുന്നു. കുട്ടികളില്‍ മൂത്തതായ എനിക്കാണ്‌ അപ്പൂപ്പന്റെ കുളിക്കു വേണ്ടി അദ്ധ്വാനിക്കേണ്ടി വരിക. അപ്പൂപ്പനു കുളിക്കാറായി എന്നു തോന്നുമ്പോള്‍ എന്നെ വിളിച്ചു പറയും,

‘കുട്ടീ നാളേ നീയെനിക്കിത്തിരി വെള്ളം ചൂടാക്കിത്തരണം. എനിക്കൊന്നു കുളിക്കണം.’

പിറ്റേന്ന്‌ അപ്പൂപ്പന്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാനും ഒന്നും അങ്ങോട്ടു കയറി ചോദിക്കാന്‍ പോകില്ല. അപ്പൂപ്പന്‍ കുളിയുടെ കാര്യം മറന്നുവെങ്കില്‍ അത്രയും നല്ലത്‌, കിണറ്റില്‍ നിന്നു വെള്ളം കോരി ചരുവത്തില്‍ നിറച്ച്‌, ചൂടാക്കിക്കൊടുക്കുന്ന ജോലി ഒഴിവായിക്കിട്ടിയല്ലോ, ഞാനാശ്വസിക്കും. അന്നും ഉച്ച തിരിയുമ്പോള്‍ അപ്പൂപ്പന്‍ തലേ ദിവസത്തെ ആവശ്യം ഉന്നയിക്കും. ഞാന്‍ വളരെ റെഡി എന്ന മട്ടില്‍ തലകുലുക്കും, ഉള്ളില്‍ നാളെയും അപ്പൂപ്പന്‍ കുളിയുടെ കാര്യം മറക്കണേ എന്ന പ്രാര്‍ത്ഥനയോടുകൂടി. ഇതു രണ്ടുമൂന്നു ദിവസങ്ങളില്‍ ആവര്‍ത്തിക്കും. പിന്നൊരു ദിവസം ഒരു പതിനൊന്നു മണിയാവുന്നതോടുകൂടി അപ്പൂപ്പന്‍ വിളിക്കും. എന്തിനാണെന്ന് എനിക്കു നന്നായി അറിയുമെങ്കിലും, ഒന്നും അറിയാത്തതുപോലെ ഭാവിച്ച്‌ ചെല്ലും. അപ്പൂപ്പന്‍ ആവശ്യം ഉന്നയിക്കുന്നു, ഗത്യന്തരമില്ലാതെ അപ്പൂപ്പനു കുളിക്കാനുള്ള വെള്ളം കോരി ചൂടാക്കി കൊടുക്കുന്നു. കുളി ഒരു രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ചിലപ്പോള്‍ അപ്പൂപ്പന്റെ മുഷിഞ്ഞവസ്ത്രങ്ങള്‍ അലക്കിക്കൊടുക്കേണ്ടുന്ന ജോലിയും എനിക്കു വന്നുചേരും.അപ്പൂപ്പനു വെള്ളം ചൂടാക്കലും, വസ്ത്രം അലക്കുന്നതുമൊന്നുമല്ല യഥര്‍ത്ഥവിഷമം. അപ്പൂപ്പന്‍ എന്നെ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ തന്നെ അമ്മൂമ്മ എന്നെ അരികിലേക്കു വിളിപ്പിക്കും. എന്നിട്ടു പറയും,

‘കുട്ടീ നീ വെള്ളം കോരിക്കൊടുക്കാനും മുണ്ടുകഴുകാനുമൊന്നും പോയേക്കരുത്‌. വേണമെങ്കില്‍ തന്നത്താനെ ചെയ്യട്ട്....’

പക്ഷെ എന്റെ മനസ്സിത്‌ അനുവദിക്കില്ല. അമ്മൂമ്മയെ ധിക്കരിച്ചു വേണം, അപ്പൂപ്പന്‌ സഹായം ചെയ്തു കൊടുക്കാന്‍. പിശാചിനും കടലിനുമെന്ന അവസ്ഥയിലായിരിക്കും ഞാന്‍. പിന്നെ ഒരു ഉപായം എടുക്കും.

‘ഇത്തവണത്തേക്കു കൂടി വെള്ളം കോരിക്കൊടുക്കാം . ഇനി ചെയ്യില്ല അമ്മൂമ്മെ’.....
എന്നൊരു ജാമ്യം എടുത്ത്, അപ്പൂപ്പന് വെള്ളം കോരി നിറച്ച് ചൂടാക്കി കൊടുക്കും.
എല്ലാത്തവണയും ഇതൊക്കെ തന്നെ ആവര്‍ത്തിക്കും.അപ്പൂപ്പനും കയ്യിലിരുപ്പു ചില്ലറയൊന്നുമല്ല. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ കക്കൂസില്‍ പോകാനുള്ള വെള്ളം ഞാന്‍ തന്നെ കോരിക്കൊടുക്കണം. ഞാനില്ലാത്തപ്പോള്‍ തന്നത്താനെ ചെയ്തോളും. എന്നാല്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ അക്കാര്യം ഞാന്‍ തന്നെ ചെയ്യണമെന്ന്‌‌ നിര്‍ബന്ധമാണ്‌ അപ്പൂപ്പന്‌. അതെന്റെയൊരു കടമയാണ്‌ എന്നതാണ്‌ അദ്ദേഹത്തിന്റെയൊരു കാഴ്ചപ്പാട്‌.

*************

10 comments:

smitha adharsh said...

തുടര്‍കഥ ഭംഗിയായി വരുന്നു... ഇനിയും എഴുതൂ ..

നിരക്ഷരൻ said...

ഇനിയും എഴുതൂ.
ബൂലോകത്തേക്ക് സ്വാഗതം.

മൊത്തത്തില്‍ ബ്ലോഗിന്റെ കെട്ടും മട്ടും ഒക്കെ ഒന്ന് ശരിപ്പെടുത്തി എടുക്കണം കേട്ടോ ? പതുക്കെപ്പതുക്കെ മതി.

ആശംസകള്‍

തറവാടി said...

ബൂലോകത്തേക്ക് സ്വാഗതം :)

എഴുത്തിനെപ്പറ്റി,

ഓര്‍മ്മക്കുറിപ്പുകളില്‍ എല്ലാം എഴുതണം എന്ന തോന്നലുകള്‍ സ്വാഭാവികമാണ് പക്ഷെ വായനക്കാരന് പലതും ആവശ്യമുള്ളതാകില്ല ഈ തിരിച്ചറിവാണ് വേണ്ടത് :)

G.MANU said...

സ്വാഗതം.
കാണാന്‍ വൈകി.

ആശംസകള്‍

മഴയത്ത് ഒരു കഥ കേള്‍ക്കുന്ന ഫീല്‍....

ഒന്നുകൂടി ആറ്റിക്കുറുക്കിയാല്‍ കുറെക്കൂടി ഗംഭീരമാവും..

ആശംസകള്‍

Mr. X said...

തുടരൂ...
ജീവിതഗാഥ...

താരകം said...

സ്മിതാ, നിരക്ഷരന്‍, തറവാടി, മനു, തസ്കരവീരന്‍, എല്ലാവര്‍ക്കും നന്ദി ഈ പ്രോത്സാഹനങ്ങള്‍ക്ക്.

ഇതൊരു ഓര്‍മക്കുറിപ്പു മാത്രമല്ല, ഒരു നോവല്‍ ആയി എഴുതണമെന്നാണ് ആഗ്രഹം. തുടക്കം ആയതുകൊണ്ട് എങ്ങനെ കൊണ്ടുപോകണം എന്നൊന്നും അറിയില്ല. കളയേണ്ട ഭാഗങ്ങള്‍ ഏതെന്ന് ചൂണ്ടിക്കാണിച്ചു തരണമെന്ന് താഴ്മയോടെ വായനക്കാരോടഭ്യര്‍ത്ഥിക്കുന്നു.

ഹരിത് said...

കമന്‍റ് വഴി ഇവിടെ എത്തി. സ്വാഗതം. രണ്ട് പോസ്റ്റും വായിച്ചു. നോവല്‍ പോരട്ടെ. വാക്കുകള്‍ പിശുക്കി ഉപയോഗിക്കുന്ന ശിലം വളര്‍ത്തുന്നതു നന്നായിരിയ്ക്കുമെന്നു എന്നെ പലരും ഉപദേശിച്ചിട്ടുണ്ട്. നല്ലൊരു സജഷനായി അതെനിയ്ക്കു അനുഭവപ്പെട്ടിട്ടുമുണ്ട്.
എഴുത്തു തുടരുമെല്ലോ. ആശംസകള്‍

ഒരു സ്നേഹിതന്‍ said...

ഇപ്പോഴാണ് ഇവിടെ എത്താന്‍ പറ്റിയത്...
എഴുത്ത് നന്നാവുന്നുണ്ട്.
കഥകള്‍ തുടര്‍നെഴുതിക്കോളൂ...
വായിക്കാന്‍ ധൃതിയായി...
ആശംസകള്‍...

രസികന്‍ said...

നല്ല രസമുണ്ട് വായിക്കാൻ ഇനിയും പ്രതീക്ഷിക്കുന്നു

ബഷീർ said...

വായിച്ചു

അനുഭവക്കുറിപ്പുകള്‍..