Sunday, July 13, 2008

ജീവിതത്തേര്

ഭാഗം 3
‘സര്‍ രാജഗോപാല്‍’


മെട്രിക്കുലേഷന്‍ പരീക്ഷയില്‍ നിന്ന്‌ തലയൂരാനായി, തട്ടിന്‍ മുകളില്‍ കയറി ഒളിച്ചിരുന്ന്‌ പൊതിരെ തല്ലു വാങ്ങിക്കൂട്ടിയ വെളുത്ത അപ്പൂപ്പന്‍, പില്‍ക്കാലത്ത്‌ ആംഗലേയ ഭാഷയുടെ കടുത്ത ആരാധകനും അതില്‍ അവഗാഹമായ പാണ്ഡിത്യമുള്ളയാളുമായി മാറി. വീട്ടില്‍ വരുന്ന പലരും ഒരു കൂതറവേഷധാരിയില്‍ നിന്ന് ഇത്ര നല്ല സ്റ്റൈലന്‍‍ ഇംഗ്ലീഷ്‌, അനര്‍ഗ്ഗളമൊഴുകുന്നതു കണ്ട്‌ അന്തം വിട്ടു നിന്നു പോയിട്ടുണ്ട്‌.
അപ്പൂപ്പനെ മിക്കപ്പോഴും കാണുക ഒരു ഇംഗ്ലീഷ്‌ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന നിലയിലായിരിക്കും. കണ്ണടയൊന്നും വേണ്ട. വെളിച്ചത്തിനായി വാതില്‍ക്കല്‍ വന്നു നിന്ന്‌ വളരെ ചെറിയ പ്രിന്റിലുള്ള പുസ്തകം പോലുംവായിക്കും. കുനുകുനുത്ത അക്ഷരങ്ങളിലുള്ള ഒരു ഡിക്ഷ്ണറി എപ്പോഴും അരികിലുണ്ടാകും. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ കടുത്ത ഇംഗ്ലീഷ്‌ വാക്കുകളുടെ അര്‍ത്ഥങ്ങള്‍, ഫ്രെയ്സുകള്‍, ശരിയായ പ്രയോഗ രീതി ഇതെല്ലാം അപ്പൂപ്പന്‍ പറഞ്ഞു തരും. അപ്പൂപ്പന്‌ ഇംഗ്ലീഷ്‌ പുസ്തകങ്ങളുടെ ഒരു കനപ്പെട്ട ശേഖരം തന്നെ ഉണ്ടായിരുന്നു. അപ്പൂപ്പനെ സംബന്ധിച്ചിടത്തോളം അത്‌ ഒരു വിലപ്പെട്ട നിധിയായിരുന്നു. ആ പുസ്തകങ്ങള്‍ ആര്‍ക്കും കൊടുക്കില്ല. എനിക്കു പോലും തരില്ല.
ചിലപ്പോഴൊക്കെ അപ്പൂപ്പന്റെ മുറിയില്‍ കടന്ന്‌ രഹസ്യമായി പുസ്തകങ്ങള്‍ എടുത്തുവായിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍ പലതവണ കെഞ്ചി ചോദിച്ചു വാങ്ങണം. അപ്പൂപ്പന്റെ ഈ വായനാശീലം എനിക്കും പകര്‍ന്നു കിട്ടി. ചെറുപ്രായത്തില്‍ തന്നെ ഇംഗ്ലീഷ്‌ പുസ്തകങ്ങളോട്‌ വല്ലാത്തൊരു കമ്പം ജനിച്ചിരുന്നു. നോവലുകള്‍ ഏറെ പ്രിയം. അപ്പൂപ്പന്റെ ശേഖരത്തില്‍ നിന്നെടുത്ത്‌ വായിച്ച പുസ്തകങ്ങള്‍ പകര്‍ന്നു തന്ന അനുഭൂതി ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്‌. തോമസ്‌ ഹാര്‍ഡിയുടെ നോവലുകളായ, ദി വുഡ്‌ ലാന്‍ഡേര്‍സ്‌, ടെസ്സ്‌, റിട്ടേണ്‍ ഒഫ്‌ ദി നേറ്റീവ്‌ എന്നീ ഹൃദ്യതരമായ നോവലുകള്‍ അവയില്‍ ചിലതു മാത്രം.
അപ്പൂപ്പന്‌ വയസ്സായ കാലത്തൊരു പൂതി തോന്നി. മറ്റൊന്നുമല്ല, തന്റെ പേരൊന്നു പരിഷ്കരിക്കണം. അഛനും അമ്മയും ഇട്ട പേര്‌ പഴഞ്ചന്‍ എന്ന തോന്നല്‍. അതിനാല്‍ ആ പേരിന്റെ തലയും വാലുമൊക്കെ മുറിച്ചുകളഞ്ഞ്‌, സ്വന്തം പേര്‌ പരിഷ്കരിച്ചു, പഴയ പേരിന്റെ ഒരംശം നിലനിറുത്തിക്കൊണ്ടു തന്നെ. ഒപ്പം ഒരു 'സര്‍' സ്ഥാനവും കൂടി സ്വയമങ്ങു ചാര്‍ത്തിക്കൊടുത്തു.(ബ്രിട്ടീഷ്‌ ഭരണത്തിന്റെ സ്വാധീനം). അങ്ങനെ, ഇനിമേല്‍ അപ്പൂപ്പന്‍ അറിയപ്പെടുക 'സര്‍ രാജഗോപാല്‍' എന്ന പേരിലായിരിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം കേള്‍ക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതു വേറെ കാര്യം. എന്നോട്‌ ചട്ടം കെട്ടി, ഇനി മുതല്‍ വീട്ടില്‍ ആരു വന്നാലും അപ്പൂപ്പനെ പരിചയപ്പെടുത്തേണ്ടത്‌, സര്‍ രാജഗോപാല്‍ എന്നായിരിക്കണം എന്ന്. ഞാനിതു കേട്ട്‌ പൊട്ടിച്ചിരിക്കും എങ്കിലും സമ്മതം ഓതും.
അപ്പൂപ്പന്‌ എന്നോടായിരുന്നു വാല്‍സല്യം. കാരണം വീട്ടില്‍ അപ്പൂപ്പന്‌ ഇത്തിരി തുണയായി നിന്നിരുന്നത്‌ ഞാന്‍ മാത്രമായിരുന്നു. ബാക്കിയുള്ളവര്‍ക്കെല്ലാം അപ്പൂപ്പനോട്‌ വെറുപ്പു കലര്‍ന്ന ഈര്‍ഷ്യയായിരുന്നു. അപ്പൂപ്പന്‍ ഭക്ഷണപ്രിയനായിരുന്നു. അതേസമയം ജോലിയെടുക്കാന്‍ മഹാമടിയും. ജോലി എന്നാല്‍ ഇത്തിരി തൊഴുത്തിലേയും തൊടിയിലേയും കാര്യങ്ങള്‍ നോക്കുക എന്നതു മാത്രം. പശുവിനെ ഒന്നു മേയാന്‍ കൊണ്ടുപോകുക, അതിനിത്തിരി വെള്ളം വയ്ക്കോല്‍ ഇത്യാദികള്‍ കൊടുക്കുക. ഇതൊക്കെ ചെയ്യാന്‍ അപ്പൂപ്പന്‌ വലിയ മടിയായിരുന്നു. അന്ന്‌, മനുഷ്യരിലെ ആണ്‍ വര്‍ഗ്ഗത്തെ മാത്രം ഇഷ്ടപ്പെട്ടിരുന്ന ഒന്നുരണ്ടു പശുക്കള്‍ ഉണ്ടായിരുന്നു വീട്ടില്‍. അവ, ഞങ്ങള്‍ സ്ത്രീജനങ്ങളെ അടുപ്പിക്കില്ല. അടുത്തേയ്ക്കെങ്ങാന്‍ ചെന്നാല്‍ കൊമ്പു കുലുക്കി വരും ഇടിക്കാന്‍. പക്ഷെ ആണുങ്ങളുടെ അടുത്ത്‌ മഹാസാധുക്കള്‍. അതിനെയൊക്കെ അഴിച്ചു കെട്ടാന്‍ ആണുങ്ങള്‍ തന്നെ വേണം.
അടുക്കളയില്‍ നിന്ന്‌ അമ്മയോ അമ്മൂമ്മയോ വിളിച്ചു പറയും,
കുട്ടീ ആ പശുവിനെ ഒന്നഴിച്ചു മാറ്റിക്കെട്ടാന്‍ പറ
ഞാനീ ആവശ്യം ഒരു പത്തോ പതിനഞ്ചോ തവണ ആവര്‍ത്തിച്ചാലാവും അപ്പൂപ്പന്‍ അതു ചെയ്യുക. അമ്മയ്ക്കും അമ്മൂമ്മയ്ക്കും പിന്നെ എങ്ങനെ അപ്പൂപ്പനോട്‌ ഈര്‍ഷ്യ തോന്നാതിരിക്കാന്‍?
ഭക്ഷണ പ്രിയനായ അപ്പൂപ്പന്‌ വയറു നിറയെ (എന്നു പറയുന്നതിനേക്കാള്‍ കൊതി തീരെ എന്നു പറയുന്നതാവും ശരി) ഭക്ഷണം കൊടുക്കാതിരിക്കുക എന്നതാണ്‌ പ്രതികാരത്തിനു വേണ്ടി അമ്മൂമ്മ സ്വീകരിച്ചിരുന്ന മാര്‍ഗം. അമ്മയ്ക്ക്‌ ഇത്തിരിക്കൂടി മനസ്സലിവുണ്ടായിരുന്നു. ഞാന്‍ അതിലേറെ കരുണ കാട്ടിയിരുന്നു. അപ്പൂപ്പന്‌ പ്രാതലിന്‌ ഏറ്റവും ഇഷ്ടം ചൂടു ദോശയും ഉഴുന്നുപൊടിചമ്മന്തി നല്ലവണ്ണം എണ്ണയൊഴിച്ചു കുഴച്ചതുമായിരുന്നു. ദോശ നല്ല ചൂടോടെ കഴിക്കണം. കല്ലില്‍ നിന്ന്‌ നേരെ അപ്പൂപ്പന്റെ പ്ലേറ്റിലേക്ക്‌. ദോശയ്ക്ക്‌ അമ്മൂമ്മ റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നെണ്ണമേ കൊടുക്കാവൂ. മൂന്നെണ്ണം അപ്പൂപ്പന്‌ ആനവായില്‍ അമ്പഴങ്ങ പോലെ. എനിക്കാണ്‌ ദോശചുടല്‍ ജോലി. അമ്മൂമ്മ കാണാതെ ഞാന്‍ അഞ്ചും ആറും ദോശയൊക്കെ ചുട്ടു കൊടുക്കും. ചുട്ടിടുന്ന ദോശയൊക്കെ ഒരു സെക്കന്റ്‌ കൊണ്ടകത്താക്കിയിട്ട്‌ അമ്മൂമ്മ കണാതെ ഒരു ദോശകൂടി എന്നാംഗ്യം കാണിക്കുന്ന അപ്പൂപ്പന്റെ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്‌. ഞാന്‍ കൊടുക്കും. ഒരിക്കലങ്ങനെ ചുട്ട ദോശ കല്ലില്‍ നിന്ന്‌ നേരെ അപ്പൂപ്പന്റെ പ്ലേറ്റിലിട്ടുകൊടുത്തിട്ടും, കുട്ടീ ചൂടുദോശ താ എന്നു നന്ദികേടു പറഞ്ഞതും എനിക്കു ദേഷ്യം വന്ന്‌ എന്തോ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതിരുന്ന് ആ ദോശ ആര്‍ത്തിയോടെ കഴിച്ചതും ഒക്കെ ഓര്‍ക്കുമ്പോള്‍ കണ്ണിലിന്നും വെള്ളം നിറയുന്നു. ഉച്ചയൂണിനാണെങ്കില്‍ അമ്മൂമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മുട്ടളവു' ഒഴിച്ചുകറി വേണം. അതിനും അമ്മൂമ്മ തടസ്സം നില്‍ക്കും. അമ്മൂമ്മയെ പേടിച്ച്‌, ചോറു വിളമ്പുന്നതിനു മുന്‍പു തന്നെ പ്ലേറ്റില്‍ കുറെ കറി ഒഴിക്കും. അതിന്മേലേ ചോറു വിളമ്പും. എന്നിട്ട്‌ അമ്മൂമ്മ കാണ്‍കേ കുറച്ചുമാത്രം കറി ഒഴിക്കും. എന്തെല്ലാം അടവുകള്‍ പയറ്റേണ്ടി വന്നിട്ടുണ്ട്‌ ഈ അപ്പൂപ്പനുവേണ്ടി.
അപ്പൂപ്പന്റെ അവസാന കാലമൊക്കെ വളരെ കഷ്ടത്തിലായിരുന്നു. ഞാനക്കാലത്ത്‌ വിവാഹിതയായി ഭര്‍ത്താവിന്റെ കൂടെ അകലെ.അപ്പൂപ്പനും മുന്‍പേ എന്റെ അമ്മ മരിച്ചു. ഇത്തിരിയെങ്കിലും കരുണയോടെ നോക്കിയിരുന്ന രണ്ടുപേരും തറവാട്ടില്‍ നിന്നു പോയപ്പോള്‍ അപ്പൂപ്പനു പിന്നെ നില്‍കക്കള്ളിയില്ലാതായി. അംഗീകരിക്കപ്പെട്ടില്ലില്ലാത്ത ഭാര്യയോടൊപ്പമായിരുന്നു അപ്പൂപ്പന്റെ അവസാനകാലം. അപ്പൂപ്പന്റെ കൈയിലിരുപ്പുകളും ധാരാളം. മറ്റുള്ളവരെ വെറുപ്പിച്ചേ അടങ്ങൂ എന്നു വച്ചാല്‍.
അങ്ങനെ വെളുത്ത അപ്പൂപ്പന്‍ എന്ന വ്യക്തിയുടെ ജന്മം ഇവിടെ അവസാനിക്കുന്നു. മനസ്സില്‍, മുഷിഞ്ഞുനാറിയ മഞ്ഞിച്ച മുണ്ടും നീണ്ടൊരു മഞ്ഞപ്പല്ലു മാത്രമുള്ള മോണകാട്ടിയുള്ള ചിരിയും അവശേഷിപ്പിച്ച്‌.

3 comments:

താരകം said...

മെട്രിക്കുലേഷന്‍ പരീക്ഷ പോലും എഴുതാത്തയാള്‍ ‘സര്‍ രാജഗോപാല്‍’ ആയ കഥ.

നരിക്കുന്നൻ said...

ജീവിതത്തിന് ഒരു വലിയ പാഠം പറഞ്ഞ് തന്ന ഒരപ്പൂപ്പന്റെ കഥ.

നന്നായിരിക്കുന്നു.
ഇനിയും വരാം.

നരിക്കുന്നന്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ലൊരു ഓര്‍മക്കുറിപ്പ്.. പരിചയമുള്ള ആരെയോ പോലെ തോന്നി..